ആര്‍ടിപിസിആര്‍ പരിശോധന: അറുപതോളം മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി

0

 

മംഗ്ലൂരു/കാസര്‍കോട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ തീവണ്ടി മാര്‍ഗം മംഗളൂരുവിലെത്തിയ നൂറിലേറെപ്പേരെ പോലീസ് വാഹനത്തില്‍ കയറ്റി ടൗണ്‍ഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റി. വൈകീട്ട് മൂന്നരയോടെയെത്തിയ തീവണ്ടിയില്‍ നിന്നു മാത്രം 50 ഓളം പേരെയാണ് ടൗണ്‍ഹാളിലേക്കു മാറ്റിയത്. ഇവര്‍ക്കെല്ലാം റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ ആന്റിജന്‍ പരിശോധന നടത്തിയെങ്കിലും രാത്രി പത്തു മണിവരെ ഫലം വന്നിട്ടില്ല.

ഒരു മണിക്കൂര്‍ നേരം റെയില്‍വേ സ്റ്റേഷനിലിരുത്തി. തുടര്‍ന്ന് വാനില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്കു മാറ്റി. അവിടെ നിന്നാണ് മംഗളൂരു ടൗണ്‍ഹാളിലെത്തിച്ചത്. പിന്നാലെ വന്ന തീവണ്ടിയിലുള്ളവരെയും പോലീസ് സ്റ്റേഷനിലും റെയില്‍വേ സ്റ്റേഷനിലുമായി മണിക്കൂറുകള്‍ നിര്‍ത്തിച്ച ശേഷം പലയിടത്തേക്കു മാറ്റിയതായും അറിയുന്നു. ടൗണ്‍ ഹാളിനു പുറത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തി. ആറര മണിക്കൂര്‍ നേരം വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്ന് ഇവര്‍ പറഞ്ഞു.

പുറത്തുള്ള പോലീസുകാരോട് പറയുമ്പോള്‍ അവര്‍ക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞതെന്ന് വയനാട്ടില്‍ നിന്നെത്തിയ ബിടെക്ക് വിദ്യാര്‍ഥി ജോയല്‍ ജോസ് പറഞ്ഞു. പലരോടും പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളായ ഗുരുവായൂരിലെ അമൃത,കാഞ്ഞങ്ങാട് ഓടയംചാലിലെ സോനുസൈമണ്‍ എന്നിവര്‍ പറഞ്ഞു.ഞങ്ങളെ കഷ്ടപ്പെടുത്തുകയാണെന്ന് മംഗ്ലൂരുവില്‍ ജോലിയുള്ള ഇരിട്ടി സ്വദേശിനി ശാന്തിമോള്‍ പറഞ്ഞു.

രാത്രി 10.45 ഓടെ  മണിയോടെ ഉന്നത പോലീസ്-ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ടൗണ്‍ ഹാളിലെത്തി.സ്ത്രീകളെ മാത്രം പോകാന്‍ അനുവദിച്ചു.ആര്‍.ടി.പി.സി.ആര്‍.പരിശോധന ഫലം കിട്ടുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശത്തോടെയാണ് ഇവരെ വിട്ടത്.

'രോഗിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല'

'രോഗിയാണെന്ന് എത്രയോ തവണ കരഞ്ഞു പറഞ്ഞു.വൈകീട്ട് അഞ്ചിന് ഡോക്ടറെ കാണാന്‍ സമയം തന്നിട്ടുണ്ട്.പലതവണ ഇതു ആവര്‍ത്തിച്ചു. പോലീസുകാര്‍ കേട്ടില്ല'- കണ്ണൂര്‍ പയ്യാവൂരിലെ സലിന്‍മൈക്കിള്‍ പറഞ്ഞു.കുറച്ചു വര്‍ഷങ്ങളായി കെ.എം.സി.ആസ്പത്രിയില്‍ നിന്നുള്ള ചികിത്സ നടത്തുകയാണ്. ആറു മാസം കൂടുമ്പോള്‍ കുത്തിവയ്ക്കണം. ഇതിനായി മുംബൈയില്‍ നിന്നു പയ്യാവൂരിലെ വീട്ടിലെത്തിയതാണ്. കോവിഡ് കാലമായതിനാല്‍ ആറു മാസം മുന്‍പുള്ള കുത്തിവെപ്പ് നടന്നില്ല. അതിനാല്‍ 15 ദിവസത്തെ ഇടവേളയില്‍ രണ്ടു കുത്തിവെപ്പ് നടത്തണം.അതിനുള്ള അവസാന ദിവസമായിരുന്നു തിങ്കളാഴ്ച.ഇതൊക്കെ പറഞ്ഞിട്ടും പോലീസുകാര്‍ പോകാന്‍ അനുവദിച്ചില്ല'-സലിന്‍ പറഞ്ഞു.

Post a Comment

0Comments
Post a Comment (0)
To Top