No title

0

10 ടണ്‍ തക്കാളിയെത്തി; വിലക്കയറ്റത്തിൽ ഇടപെട്ട് സർക്കാർ



തിരുവനന്തപുരം : പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധ്ര മുളകാല‍ചെരുവിൽനിന്നു 10 ടൺ തക്കാളി കൂടി കേരളത്തിലെത്തി. കൃഷി വകുപ്പ് ഹോർട്ടികോർപ് മുഖേനയാണു തക്കാളി എത്തിക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കർഷകരിൽനിന്നു ഹോർട്ടികോർപ് കേരളത്തി‍ലെത്തിച്ചു വിൽക്കുന്ന തക്കാളിക്കും മറ്റു പച്ചക്കറികൾക്കും പുറമേയാണിത്. ഹോർട്ടികോർപ് മുഖേന തക്കാളികൾ വിതരണം ചെയ്യും.കൃഷി വകുപ്പ് ജനുവരി ഒന്നു വരെ വിവിധ ജില്ലകളിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ്–പുതുവത്സര വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നതെന്നു കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. തെങ്കാശിയിലെ കര്‍ഷകരില്‍നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങുമെന്നും കൃഷിവകുപ്പ് അറിയിച്ചു.പച്ചക്കറിവില പിടിച്ചുനിർത്താൻ തമിഴ്നാട് തെങ്കാശി ജില്ലയിലെ കർഷകരിൽനിന്നു പച്ചക്കറികൾ സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി ഹോർട്ടികോർപ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. തമിഴ്നാട് അഗ്രി മാർക്കറ്റിങ് ആൻഡ് ഹോർട്ടികൾചർ വകുപ്പു നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ സംഭരിക്കുക.

തെങ്കാശി ജില്ലയിലെ 7 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽനിന്നു ഗ്രേഡ് ചെയ്ത പച്ചക്കറികൾ സംഭരിക്കാൻ ഹോർട്ടികോർപ്പിന് ഇനി കഴിയും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും. 11 മാസത്തേക്കാണ് ധാരണ. കിലോയ്ക്ക് ഒരു രൂപ കൈകാര്യച്ചെലവ് ഹോർട്ടികോർപ് കൊടുക്കണം. തലേദിവസം ഹോർട്ടികോർപ് ആവശ്യപ്പെടുന്ന പച്ചക്കറികൾ സമിതി സമാഹരിക്കുകയും ഗുണനിലവാരം ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി പിറ്റേദിവസം വിതരണത്തിനായി കേരളത്തിലെത്തിക്കുകയുമാണു ചെയ്യുക. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്കായ തുടങ്ങിയവ ആദ്യഘട്ടത്തിൽ എത്തിക്കും.




Post a Comment

0Comments
Post a Comment (0)
To Top