1197 മീനമാസം ഏതെല്ലാം കൂറുകാർക്ക് ഗുണകരം എന്നറിയാം (2022 മാർച്ച് 15 മുതൽ ഏപ്രിൽ 13 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനലാഭം പ്രതീക്ഷിക്കാം. ആത്മവിശ്വാസം വർദ്ധിക്കും. ഭക്ഷ്യസമൃദ്ധിയും അപ്രതീക്ഷിത ഗുണാനുഭവങ്ങളും ഉണ്ടാകും. എന്നാൽ ചില പ്രതീക്ഷകൾ നടക്കാതെ വരുന്നത് വിഷമിപ്പിക്കും. ധാരാളം അലഞ്ഞുതിരിയും. വിദൂര സഞ്ചാരം വേണ്ടി വരും. മാനസിക വിഷമങ്ങൾ, അനാരോഗ്യം, സന്തോഷക്കുറവ് ഇവയ്ക്കും സാധ്യത. ശത്രുക്കൾ ശല്യം ചെയ്യും. പരുഷമായ സംഭാഷണങ്ങൾ ഒഴിവാക്കണം. ചില ബന്ധുക്കളിൽ നിന്ന് സഹകരണവും സഹായങ്ങളും ലഭിക്കും. ദേഹോപദ്രവം, വിഷഭയം, അഗ്‌നിഭയം, എന്നിവ സൂക്ഷിക്കുക.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ സാധിക്കും. മന:സുഖം വർദ്ധിക്കും. സന്താനങ്ങളുടെ വലിയ നേട്ടങ്ങളിൽ സന്തോഷിക്കും. കർമ്മരംഗത്ത് അസ്വസ്ഥത ഉണ്ടാകും. അർഹിക്കുന്ന പ്രതിഫലം കിട്ടാത്തതിന്റെ രോഷം പ്രകടിപ്പിക്കും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ സാദ്ധ്യത വർദ്ധിക്കും. സർക്കാർ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം ലഭിക്കും. വരുമാനം വർദ്ധിക്കും. സ്ത്രീകൾ കാരണം കലഹത്തിന് സാധ്യതയുണ്ട്. ശത്രു ശല്യം കുറയില്ല. രോഗങ്ങൾ ബുദ്ധിമുട്ടിക്കും. യാത്ര ഒഴിവാക്കാനാകില്ല. ചിലർക്ക് സ്ഥാനചലനത്തിന് സാധ്യത. പാഴ്‌ച്ചെലവുകൾ വന്നു ചേരും. ജോലി സ്ഥലത്ത് അപമാനം വരാതെ നോക്കണം. വിശ്വസ്തരായ സുഹൃത്തുക്കളിലൂടെയും ബന്ധജനങ്ങളിലൂടെയും ചില നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉത്തരവാദിത്വമുള്ള പദവികളിൽ എത്തിച്ചേരും. ജീവിത പുരോഗതിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കും. കർമ്മ രംഗത്ത് അപ്രതീക്ഷിതമായ തടസങ്ങൾ നേരിടും. ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കും. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാകും. അപവാദങ്ങൾ കാര്യമാക്കാതെ നിശ്ചയദാർഢ്യത്തോടെ മുന്നേറും. കുടുംബസുഖം, മന:സുഖം എന്നിവ ഉണ്ടാകും. വിവാഹ ആലോചനയിൽ ആശാവഹമായ പുരോഗതി നേടും. ഏറെക്കാലമായി ആഗ്രഹിക്കുന്ന വിദേശ യാത്ര സാധ്യമാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക നേട്ടമുണ്ടാകും. വ്യാപാരത്തിൽ ധനലാഭം പ്രതീക്ഷിക്കാം. സുഖാനുഭവങ്ങൾ വർദ്ധിക്കും. മാനസിക അശാന്തി കാരണം വിഷമിക്കും. ആകർഷണശക്തി കുറയും. മുൻപ് സ്വാധീനിക്കാൻ സാധിച്ചിരുന്ന ചിലരെ കൈകാര്യം ചെയ്യാൻ കഴിയാതെ വിഷമിക്കും. അപവാദ ശ്രവണത്തിന് സാധ്യതയുണ്ട്. ദുഷ്ടജനസംസർഗ്ഗം ഒഴിവാക്കണം. വിശാലമനസ്‌കത പ്രശംസിക്കപ്പെടും. ആത്മീയമായ താല്പര്യങ്ങൾ വർദ്ധിക്കും. വിദേശത്ത് നല്ല മുന്നേറ്റവും കാര്യ വിജയവും നേടും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഉദരരോഗത്തിന് സാദ്ധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. ശാരീരിക ക്ഷതം പറ്റാതെ നോക്കണം. ശത്രുക്കളുടെ ഉപദ്രവങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല. ദാമ്പത്യസുഖം, ഗൃഹോപകരണലാഭം, തുടങ്ങിയവ ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏറ്റെടുക്കുന്ന ചുമതലകളിൽ വൻ വിജയം, സന്തോഷം, സംതൃപ്തി തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. കാരുണ്യ രംഗത്തും സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കാൻ അവസരം ലഭിക്കും. കർമ്മരംഗത്ത് അസ്വസ്ഥതയുണ്ടാകും. ആത്മീയ താല്പര്യം, തുറന്ന മനസ്സ്, പെരുമാറ്റം എന്നിവ ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാക്കും. കോടതി വ്യവഹാരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. അടുത്ത ചില സുഹൃത്തുകൾ, പരിചയക്കാർ എന്നിവർ മുഖേന വിജയം വരിക്കും. ഉദരരോഗം, നേത്രരോഗം, യാത്രാക്ലേശം, സ്ത്രീകൾ കാരണം ഉപദ്രവങ്ങൾ, ശരീര സുഖഹാനി, അകാരണമായ ഭയം എന്നിവയുണ്ടാകും. സാമ്പത്തിക നഷ്ടം നികത്താൻ വേണ്ട ശ്രമം നടത്തും. സന്താനങ്ങളുടെ ജീവിതത്തിൽ പുരോഗതിയും സന്തോഷവുമുണ്ടാകും. വാഹനം മാറ്റി വാങ്ങും. വിവാഹം തീരുമാനിക്കും. എതിരാളികളെ അവഗണിക്കരുത്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മീനമാസത്തിൽ സാമ്പത്തിക ക്ലേശമുണ്ടാകും. യാത്ര വേണ്ടി വരും. എതിർപ്പുകൾ ശക്തമാകും. ആശങ്കകളും ഉത്കണ്ഠയും വർദ്ധിക്കും. ഉദര സംബന്ധമായ അസുഖം രൂക്ഷമാകാതെ നോക്കണം. ശത്രുക്കളെ നശിപ്പിക്കും. പ്രയത്‌നം സഫലമാകും. ഏറ്റെടുത്ത ചില ദൗത്യങ്ങൾ കൃത്യമായി നിർവഹിക്കും. സ്വർണ്ണാഭരണം ലഭിക്കും. ബന്ധുക്കളിൽ ചിലരുടെ വിഷമത്തിൽ പങ്കുചേരും. കോടതികയറാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം. സന്താനങ്ങൾ ജീവിതത്തിൽ മികച്ച വിജയം നേടുന്നത് കണ്ട് സന്തോഷിപ്പിക്കും. വിവാഹ യോഗമുണ്ട്. പ്രണയം പൂവണിയും. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ജോലിയിൽ പ്രത്യേക പരിഗണന ലഭിക്കും. സ്ത്രീകൾ മുഖേന വിഷമം ഉണ്ടാകും. അപ്രതീക്ഷിതമായി ധനം ലഭിക്കും. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായമുണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. ഏർപ്പെടുന്ന എല്ലാ സംരംഭങ്ങളിലും വിജയം വരിക്കും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ശക്തമാകും. കുടുംബകലഹത്തിന് സാദ്ധ്യതയുണ്ട്. ശത്രുക്കളായി കഴിഞ്ഞിരുന്നവരിൽ ചിലർ അനുകൂലികളാകും. എന്നാൽ മറ്റ് ചില ശത്രുക്കൾ ഉണ്ടാകും. ശരീരികമായ ആഘാതങ്ങൾ സംഭവിക്കാതെ നോക്കണം. ദുഷിച്ച കൂട്ടുകെട്ടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. രോഗക്ലേശം, മന:ക്ലേശം, കാര്യതടസം എന്നീ ദോഷാനുഭവങ്ങളും സംഭവിക്കാം. സന്തുഷ്ടി, കൃഷിയിൽ നിന്നും ലാഭം, ബന്ധുജനങ്ങൾ വഴി സുഖം, സന്തോഷം എന്നീ ഗുണാനുഭവങ്ങൾ ലഭിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പുതിയ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. ബസിനസിൽ മികച്ച വിജയവും ലാഭവും കരസ്ഥമാക്കും. സ്ഥിരോത്സാഹത്താൽ ജീവിതത്തിൽ ധാരാളം ഗുണാനുഭവങ്ങൾ ഉണ്ടാകും. ധനാഗമം കൂടും. കടബാധ്യതകൾ പരിഹരിക്കും. ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങളും വിജയിപ്പിക്കും. ഉദര, നേത്രരോഗങ്ങളും ദുഷ്ടജനങ്ങളുമായുള്ള സംസർഗ്ഗവും യാത്രാക്ലേശവും ദാമ്പത്യത്തിൽ അഭിപ്രായ ഭിന്നതയും സ്വജനങ്ങളുമായി കലഹവുമുണ്ടാകാൻ സാധ്യതയുണ്ട്. ഉന്നത പദവികൾ, അധികാരമുള്ള ചുമതലകൾ എന്നിവ വന്നു ചേരും. ഊഹക്കച്ചവടത്തിൽ താത്പര്യം വർദ്ധിക്കും. പ്രതാപം, ബന്ധുഗുണം, കാര്യജയം, ശത്രുനാശം സ്ഥിരോത്സാഹം തുടങ്ങിയ ഗുണാനുഭവങ്ങൾ കരഗതമാകും. ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തും. ഈശ്വരാധീനം പ്രകടമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സൽകീർത്തി ലഭിക്കും. ഉന്നത സ്ഥാനലബ്ധിക്ക് യോഗം. വിശേഷ വസ്ത്രാഭരണങ്ങൾ സമ്മാനം കിട്ടും. പൂർവിക സ്വത്ത് കൈ വശം വരും. ബിസിനസിൽ പുരോഗതിക്ക് താമസവും തടസവും നേരിടും. ആരോഗ്യം മോശമാകും. കുടുംബജീവിതത്തിൽ സന്തോഷക്കുറവ് അനുഭവപ്പെടും. ശത്രുക്കളുമായി വാക്കുതർക്കമുണ്ടാകും. അപകീർത്തി സാധ്യതയുണ്ട്. മേലധികാരികളുമായി അഭിപ്രായ ഭിന്നത ശക്തമാകും. ഉറ്റ ബന്ധുവിനെ പരിചരിക്കാൻ വേണ്ടി ആശുപത്രിവാസം വേണ്ടി വരും. സന്താനങ്ങൾ കാരണം ചെറിയ പ്രയാസങ്ങൾ മനോദു:ഖം ഇവ അനുഭവിക്കും. ദാമ്പത്യജീവിതത്തിലുണ്ടാകുന്ന ക്ലേശാനുഭവങ്ങൾ, പരസ്പരം വിട്ടുവീഴ്ചകൾ ചെയ്ത് പരിഹരിക്കും. കർമ്മ രംഗം മെച്ചപ്പെടും. ശ്രമിക്കുന്നവർക്ക് വിവാഹസാദ്ധ്യത വർദ്ധിക്കും. സൽകർമ്മങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടും. ആജ്ഞാശക്തി വർദ്ധിക്കും. ഗൃഹനിർമ്മാണത്തിൽ ശ്രദ്ധിക്കും.