കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ മില്‍മയുടെ ‘ഫുഡ് ട്രക്ക് ’ അടുത്ത ആഴ്ച മുതൽ
കണ്ണൂർ :- കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ‘ഫുഡ് ട്രക്ക്’ അടുത്ത ആഴ്ച ആരംഭിക്കും. മിൽമയുമായി സഹകരിച്ചാണു പദ്ധതി. മിൽമ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്കു ഫുഡ് ട്രക്കിലൂടെ ലഭ്യമാകും. കൂടാതെ ചായ, കാപ്പി, ശീതള പാനീയങ്ങൾ എന്നിവയും കിട്ടും. രാവിലെ 7 മുതൽ രാത്രി 7 വരെയാണു പ്രവർത്തന സമയം. കോവിഡ് ഭീതി കഴിഞ്ഞാൽ 24 മണിക്കൂറും പ്രവർത്തിക്കും.
ഉപയോഗ ശൂന്യമായി കിടക്കുന്ന കെഎസ്ആർടിസി ബസ് മാസ വാടക ഇനത്തിൽ മിൽമയ്ക്കു നൽകുകയാണ് പദ്ധതി. മിൽമ സ്വന്തം ചെലവിൽ ബസ് നവീകരിച്ച് വിൽപന കേന്ദ്രമാക്കി കഴിഞ്ഞു. ഡിപ്പോയുടെ കവാടത്തിലാണു ഫുഡ് ട്രക്ക് ഒരുങ്ങുന്നത്. കെഎസ്ആർടിസി ബസുകൾ നശിച്ചു പോകുന്നതിന് ഇട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുക ലക്ഷ്യമിട്ടാണ് 'ഫുഡ് ട്രക്ക് ' പദ്ധതി ആരംഭിച്ചത്.
കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതി ഫുഡ് ട്രക്ക് മിൽമയുമായി സഹകരിച്ച് തിരുവനന്തപുരത്ത് നേരത്തെ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂരും തുടങ്ങുന്നത്. പദ്ധതിയിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ധാരണ.