സമുദായ നേതൃത്വത്തില്‍നിന്ന് ലീഗിനെ അകറ്റാനുള്ള നീക്കം വിലപ്പോവില്ല: ഇ.ടി
കണ്ണൂര്‍: സമുദായ നേതൃത്വത്തില്‍ നിന്ന് മുസ്‌ലിംലീഗിനെ അകറ്റാനുള്ള നീക്കം വിലപോവില്ലെന്നും സമുദായത്തിന് മുസ്‌ലിം ലീഗ് ചെയ്യുന്നത് നന്‍മയുടെ മാര്‍ഗമാണെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി. പാറപ്പുറം ശാഖ മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.ടി അബ്ദുല്ല ഹാജി അനുസ്മരണവും പ്രഥമ കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് ലീഗിനെ മൈനസ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് ചില പാര്‍ട്ടികള്‍ അവരുടെ പൊളിറ്റിക്കല്‍ ലബോറട്ടറിയില്‍ വര്‍ക്കിലാണ്. ബി.ജെ.പിക്കും സി.പി.എമ്മിനും ചില അജണ്ടകളുണ്ട്. എന്നാല്‍ വിഡ്ഢികളായ ചിലര്‍ അവരോടൊപ്പം ചേരുകയാണ്. മുഖ്യമന്ത്രിയുടെ ആളുകളായി മാറുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഇവര്‍ക്കൊന്നും മുസ്‌ലിംലീഗിനെ തകര്‍ക്കാന്‍ കഴിയില്ല. സമുദായത്തിന് സേവനം ചെയ്യുന്നതില്‍ നന്‍മയുടെ മാര്‍ഗമാണ് പാര്‍ട്ടി പിന്തുടരുന്നത്. ഇതിന് പ്രതിഫലം ഇവിടെനിന്നു മാത്രമല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയില്‍പോയി സേവനം ചെയ്തപ്പോള്‍ അത് വെറുതെയാവില്ലേ എന്ന് പലരും പറഞ്ഞു. എന്നാല്‍ ഇന്ന് അവര്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നത് നാം കാണുകയാണ്. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് ജാതിയോ മതമോ പാര്‍ട്ടിഭേദമോ ഇല്ലെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
കെ.ടി അബ്ദുല്ലഹാജിയെ പോലുള്ളവര്‍ മുന്നില്‍ നടത്തിയ പാര്‍ട്ടിയാണിത്. സാമൂഹിക സേവനത്തില്‍ മാത്രമല്ല, സമുദായ പുരോഗതിക്കും അവര്‍ പ്രവര്‍ത്തിച്ചു. എസ്.ടി.യുവിനും കര്‍ഷക സംഘടനക്കും നേതൃപരമായ പങ്ക് വഹിച്ച മുന്നണി പ്രവര്‍ത്തകനായിരുന്നു കെ.ടിയെന്നും ഇ.ടി അനുസ്മരിച്ചു.
കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിംലീഗ് പ്രാസ്ഥാനിക വഴികളില്‍ നിറസാന്നിധ്യമായിരുന്ന കെ.ടി അബ്ദുല്ല ഹാജിയുടെ ഓര്‍മക്കായി സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സമുന്നത വ്യക്തിത്വങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മശ്രേഷ്ഠ അവാര്‍ഡ് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവിക്ക് ഇ.ടി മുഹമ്മദ്ബഷീര്‍ സമ്മാനിച്ചു. പുല്ലൂപ്പിശാഖ പുതുതായി ആരംഭിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റിന്റെ ഉദ്ഘാടനവും ഗ്ലോബല്‍ കെ.എം.സി.സിയുടെ വിവാഹ ധനസഹായ വിതരണവും ഇ.ടി നിര്‍വഹിച്ചു. മുതിര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ എ.ടി മഹമൂദ് ഹാജി, കെ.എന്‍.സി മുഹമ്മദ്കുഞ്ഞി, കെ.വി അബ്ദുല്ല, കെ.ടി മുഹമ്മദ്കുഞ്ഞി, കെ.പി അഹമ്മദ്കുട്ടി, ടി.പി മുസ്തഫ, കെ.സി മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സംഘാടകസമിതി ചെയര്‍മാന്‍ സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജില്ലാ ട്രഷറര്‍ വിപി വമ്പന്‍, എസ്.ടിയു ദേശീയ വൈസ് പ്രസിഡന്റ് എംഎ കരീം, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ കെ.വി.എം അലി, കെ.ടി സഹദുല്ല, അന്‍സാരി തില്ലങ്കേരി, കെ.പി താഹിര്‍, മണ്ഡലം പ്രസിഡന്റ് കെ വി ഹാരിസ്, സെക്രട്ടറി ബി.കെ അഹമ്മദ്, ട്രഷറര്‍ പി.പി സുബൈര്‍, പി.വി അബ്ദുല്ല മാസ്റ്റര്‍, കബീര്‍ കണ്ണാടിപ്പറമ്പ്, വി.പി.കെ സലാം, കെ.എന്‍ മുസ്തഫ, സി.പി റഷീദ്, കെ.കെ ഷിനാജ്, എ.പി അബ്ദുല്ല, അക്‌സര്‍ നാറാത്ത്, പി.പി ശംസുദ്ദീന്‍, എ.പി ഇബ്രാഹിം മൗലവി, പി.സി മുഹമ്മദ്, സി.പി അബ്ദുല്ല, ടി.റഷീദ, അഷ്‌റഫ് നാറാത്ത്, നിയാസ് പാറപ്പുറം, സാജിദ പുല്ലൂപ്പി, ഹസീന കമ്പില്‍, ശുഹൈബ് കെ.വി, സി.ഹബീബ്, കെ.താഹിറ, സൈഫുദ്ദീന്‍ നാറാത്ത്, കെ.വി സല്‍മത്ത്, പി.മിഹ്‌റാബി, കെ.എം മൈമൂനത്ത്, കെ.റഹ്മത്ത്, അജ്‌നാസ് പാറപ്പുറം, സി.എന്‍ മുനവ്വര്‍, തന്‍വീര്‍ കെ.പി, തന്‍സീഹ് നാറാത്ത് സംസാരിച്ചു. കണ്‍വീനര്‍ അഷ്‌കര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ സി.ആലിക്കുഞ്ഞി നന്ദിയും പറഞ്ഞു.