ചെങ്കല്‍ വില വര്‍ദ്ധനവിനെതിരെ യു.ഡി.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
കാക്കയങ്ങാട് : ചെങ്കല്‍ വില വര്‍ദ്ധനവിനെതിരെ യു.ഡി.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.അന്യായമായ ചെങ്കല്‍ വിലവര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ചെങ്കല്‍ വാഹനങ്ങള്‍ തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഒ.ഹംസ, കണ്‍വീനര്‍ വി രാജു പഞ്ചായത്ത് അംഗം കെ.വി റഷീദ് എന്നിവര്‍ പറഞ്ഞു.തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് ഒന്നുമില്ലാതെ തന്നെ ഇന്ധന വില വര്‍ദ്ധനവിന്റെ പേരിലാണ് ചെങ്കല്ലിന് മൂന്നു രൂപ മുതല്‍ നാലു രൂപവരെ വര്‍ധിപ്പിച്ചതെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രധാന ആരോപണം.അന്യായമായ വിലവര്‍ദ്ധനവ് മൂലം സാധാരണക്കാരായ ഒരാള്‍ക്ക് വീട് എന്ന സ്വപ്നം സ്വപ്നമായി അവശേഷിക്കുന്ന സഹചര്യമാണ് നിലവിലുള്ളത്.കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ചെങ്കല്‍ വിലവര്‍ദ്ധനവ് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.ചെങ്കല്‍ വിലവര്‍ധനവ് പിന്‍വലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു വരുമെന്നും നേതാക്കള്‍ പറഞ്ഞു.