മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു

0

 


മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണി വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം തലശ്ശേരി വാതകശ്മശാനത്തിലാണ് സംസ്കാരം. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കൾ: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജൻ.

ഫ്രഞ്ച് അധീന മയ്യഴിയിൽ 1921 സെപ്റ്റംബർ 20നാണ് മംഗലാട്ട് രാഘവൻ ജനിച്ചത്. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേർ എന്ന ഫ്രഞ്ച് സെൻട്രൽ സ്കൂളിൽ ഫ്രഞ്ച് മാധ്യമത്തിൽ വിദ്യാഭ്യാസം. പഠനം പൂർത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തിൽ സജീവമായി.

മാതൃഭൂമി കണ്ണൂർ മുൻ ബ്യൂറോചീഫ് ആയിരുന്നു. മാഹി വിമോചനസമരകാലത്ത്, 1942-ലാണ് മംഗലാട്ട് മാതൃഭൂമി മയ്യഴി ലേഖകനായത്. മയ്യഴിയിലെ ഫ്രഞ്ച് പിന്മാറ്റത്തോടെ പൂർണസമയ പത്രപ്രവർത്തകനായി. ആർ.എം., എം.ആർ. എന്നീ പേരുകളിലും മാതൃഭൂമിയിൽ ലേഖനങ്ങളെഴുതിയിരുന്നു. കീഴ്പ്പള്ളിയിലെ കുടിയിറക്കലിനെതിരായ അദ്ദേഹത്തിന്റെ വാർത്തകൾ കുടിയിറക്കപ്പെട്ടവർക്ക് ഭൂമി ലഭിക്കുന്നതിന് വഴിയൊരുക്കി. വിവാദമായ കുടിയിറക്കലിൽ പ്രഗല്ഭനായ വി.ആർ.കൃഷ്ണയ്യരായിരുന്നു ജന്മിയുടെ അഭിഭാഷകൻ. 1965 മുതൽ മാതൃഭൂമി പത്രാധിപസമിതിയംഗമായി. ചീഫ് സബ് എഡിറ്ററായിരുന്ന അദ്ദേഹം കണ്ണൂർ ബ്യൂറോ ചീഫായിരിക്കെ 1981-ലായിരുന്നു വിരമിച്ചത്.

'മാതൃഭൂമി'യിൽനിന്ന് വിരമിച്ചശേഷം ഫ്രഞ്ച് കവിതാ വിവർത്തനത്തിലും താരതമ്യപഠനത്തിലും മുഴുകി. മയ്യഴി സെൻട്രൽ ഫ്രഞ്ച് സ്കൂളിലെ വിദ്യാഭ്യാസമായിരുന്നു ഫ്രഞ്ച് അനായാസം കൈകാര്യം ചെയ്യാനുള്ള കൈമുതൽ. അതിനാൽ കവിതകൾ മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റി. വിക്തർ ഹ്യുഗോയും ഷാർല് ബൊദെലേറും മുതൽ കവയിത്രി വികതോർ ദ്ലപ്രാദ് വരെയുള്ളവരുടെ രചനകളുടെ വിവർത്തനമുണ്ട്. ആറുവർഷത്തെ നിരന്തരപഠനത്തിന്റെ ഫലമാണ് താരതമ്യംകൂടി ഉൾപ്പെടുത്തിയുള്ള 'ഫ്രഞ്ച് കവിതകൾ' (1993). ഫ്രഞ്ച് പ്രണയഗീതങ്ങൾ (1999), വിക്തർ ഹ്യുഗോവിന്റെ കവിതകൾ (2002) എന്നിവയാണ് മറ്റു കൃതികൾ.

Post a Comment

0Comments
Post a Comment (0)
To Top