പഞ്ചസാരയില്‍ മധുരമില്ല; കണിച്ചാര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താൽ
കണിച്ചാർ( കണ്ണൂർ): രസകരമായൊരു ഹര്‍ത്താലുമായി ഇന്ന് പുതിയ ചരിത്രം കുറിക്കുന്ന കണിച്ചാര്‍ പഞ്ചായത്ത് ശ്രദ്ധേയമാകുന്നു.ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ഹര്‍ത്താലിനാണ് ഇന്ന് പഞ്ചായത്ത് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ആരും കേട്ടിട്ടു കൂടിയില്ലാത്ത ഒരു ഹര്‍ത്താല്‍, പഞ്ചസാര ഹര്‍ത്താല്‍!
കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകവും മധുരവും തോന്നുന്നില്ലേ. എന്നാല്‍, ഇന്ന് പഞ്ചായത്തില്‍ മധുരമുണ്ടാകില്ല എന്നതാണ് ഈ ഹര്‍ത്താലിന്‍റെ സവിശേഷത. ലോക പ്രമേഹ ദിനമായ ഇന്ന് കണിച്ചാര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചസാര ഹര്‍ത്താല്‍ ആചരിക്കുന്നു. എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്കരിക്കും. ഹോട്ടലുകളില്‍ മധുരമില്ലാത്ത ചായ മാത്രമേ നല്‍കൂ. കടകളില്‍ പഞ്ചസാര വില്‍ക്കില്ല.
വര്‍ധിച്ചുവരുന്ന പ്രമേഹരോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. എല്ലാ കടകളിലും ഇതിനുവേണ്ട ബാനര്‍, നോട്ടീസ് ഇവയെല്ലാം പതിപ്പിച്ചു.