No title

0

ചാരിറ്റിയുടെ മറവില്‍ പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി പിടിയില്‍



ശ്രീകണ്ഠാപുരം: ചാരിറ്റിയുടെ മറവില്‍ പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി പിടിയില്‍. കൊല്ലം പനയത്തെ പി.എസ് മനീഷി(41)നെയാണ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ ഇ.പി സുരേശനും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

വൃക്കരോഗിയായ അനീഷ് ആര്‍.പെരിനാട് എന്ന വ്യക്തിക്ക് വേണ്ടി ശ്രീകണ്ഠാപുരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഗീത പരിപാടി നടത്താന്‍ അനുമതി തേടിയാണ് ഇയാള്‍ ശ്രീകണ്ഠാപുരം പോലിസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പി.കെ അഷ്ടമൂര്‍ത്തിയോട് വിവരം പറഞ്ഞ് അനുമതി തേടിയെങ്കിലും സംശയം തോന്നി ഇന്‍സ്‌പെക്ടര്‍ സുരേശനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അനീഷിനെ പോലിസ് ബന്ധപ്പെട്ടപ്പോള്‍ താനുമായി മനീഷിന് ബന്ധമില്ലെന്നും പരിപാടി നടത്താന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും അറിയിച്ചു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയും കൊല്ലം ജില്ലയിലെ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുകയുമായിരുന്നു.

ഇതോടെ ഇയാള്‍ നിരവധി കേസിലെ പ്രതിയാണെന്ന് വിവരം ലഭിച്ചു. കോഴിക്കോട് റൂറലിലെ പേരാമ്പ്ര സ്റ്റേഷനിലും അത്തോളി സ്റ്റേഷനിലുമായി 12 കേസുകളില്‍ പ്രതിയാണ് ഇയാള്‍. അത്തോളി, പേരാമ്പ്ര സ്റ്റേഷനിലെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയുമാണ്. കുണ്ടറ സ്റ്റേഷനിന്‍ അടി കേസും അങ്കമാലി സ്റ്റേഷനില്‍ ആക്‌സിഡന്റ് കേസിലും പ്രതിയാണ്. അത്തോളിയിലും പേരാമ്പ്രയിലും ചിട്ടി തട്ടിപ്പ് നടത്തിയാണ് ഇയാള്‍ മുങ്ങിയത്.

കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഗീത പരിപാടി നടത്തി പണം തട്ടിയിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലിസിനോട് പറഞ്ഞു. പ്രതിയെ വൈകുന്നേരത്തോടെ പേരാമ്പ്ര പോലിസിന് കൈമാറി.





Post a Comment

0Comments
Post a Comment (0)
To Top