ചരക്കുകപ്പല്‍ അഴീക്കല്‍ തുറമുഖത്ത്; മടക്കയാത്ര നാളെ
കണ്ണൂര്‍: വര്‍ഷങ്ങളായുള്ള കണ്ണൂരിന്റെ കാത്തിരിപ്പിന് ശനിയാഴ്ച അവസാനമായി. കൊച്ചിയില്‍നിന്നുള്ള എം.വി ഹോപ് സെവന് ചരക്കുകപ്പല്‍ ശനിയാഴ്ച രാവിലെ അഴീക്കല്‍ തീരമണയുബോള് കണ്ണൂരിന്റെ വര്‍ഷങ്ങളായുള്ള പ്രതീക്ഷയുംഅഞ്ചുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനുമാണ് അവസാനമായത്.
കൊച്ചി -അഴീക്കല്‍ ചരക്കു ജലഗതാഗതം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍നിന്ന് അഴീക്കലിലേക്ക് ജൂണ്‍ 29നാണ് കപ്പല്‍ പുറപ്പെട്ടത്. വ്യാഴാഴ്ച ബേപ്പൂരിലെത്തിയ കപ്പല്‍ വെള്ളിയാഴ്ച രാവിലെയാണ് അവിടെ നിന്ന് അഴീക്കലിലേക്ക് പുറപ്പെട്ടത്.നാലിന് അഴീക്കലില്‍ നിന്ന് കപ്പല്‍ കൊച്ചിയിലേക്ക് തിരിക്കും.
ഇതേ കപ്പല്‍ ജൂലൈ അഞ്ചിന് കൊച്ചിയില്‍ നിന്ന് അഴീക്കലിലേക്ക് രണ്ടാമത്തെ സര്‍വിസ് ആരംഭിക്കും. ആറിന് ബേപ്പൂരിലും ഏഴിന് അഴീക്കല്‍ തുറമുഖത്തുമെത്തും. എട്ടിന് അഴീക്കലില്‍ നിന്ന് തിരിച്ചുപോകുന്ന കപ്പല്‍ ഒമ്ബതിന് കൊച്ചിയില്‍ എത്തും.
മുംബൈ ആസ്ഥാനമായുള്ള ജെ.എം ബക്സി ഗ്രൂപ് കമ്ബനിയുടെ കീഴിലുള്ള റൗണ്ട് ദി കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടേതാണ് സര്‍വിസ് നടത്തുന്ന കപ്പല്‍. കണ്ടെയ്നറുകളുടെ തീരദേശ ഷിപ്പിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'റിവര്‍ സീ' ചരക്ക് യാനങ്ങളുടെ കപ്പല്‍ ബന്ധിത നിരക്കുകളില്‍ കൊച്ചി തുറമുഖം 50 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. കൂടാതെ റോഡിലൂടെയുള്ള ചരക്കുനീക്ക ചെലവിന് പുറമെ, 10 ശതമാനത്തിന്റെ പ്രവര്‍ത്തന ഇന്‍സെന്റിവ് കേരള സര്‍ക്കാറും നല്‍കുന്നുണ്ട്.
കണ്ടെയ്നറുകളുടെ ചരക്കുനീക്കത്തില്‍ മാതൃകാപരമായ മാറ്റത്തിനൊപ്പം റോഡുകളിലെ തിരക്കു കുറക്കുന്നതിനും കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറക്കുന്നതിനും ഈ സേവനം വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഴീക്കലില്‍ ആരംഭിക്കുന്ന ചരക്കുകപ്പല്‍ സര്‍വിസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ഞായറാഴ്ച രാവിലെ 8.30ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും.
അഴീക്കലില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്പ്പെടെയുള്ള ചരക്കുകളുമായാണ് കപ്പല്‍ ഞായറാഴ്ച യാത്രതിരിക്കുക. കെ. സുധാകരന് എം.പി, എം.എല്‍.എമാരായ കെ.വി. സുമേഷ്, രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.
ചരക്ക് കപ്പലിന് തടസ്സമില്ലാതെ പ്രതിവാര സര്‍വിസ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാരിടൈം ബോര്‍ഡ് സി.ഇ.ഒ സലീം കുമാര്‍ പറഞ്ഞു. കാര്‍ഗോ ക്ലിയറന്‍സിനായി കണ്ണൂരിലും ബേപ്പൂരിലും ഇപ്പോള്‍ ലഭ്യമായ ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ചേഞ്ച് (ഇ.ഡി.ഐ) സൗകര്യം മലബാറില്‍നിന്ന് കൂടുതല്‍ പങ്കാളികളെ ആകര്‍ഷിക്കുമെന്നാണ് സംരംഭകര്‍ കരുതുന്നത്.