ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. മേള സമാപിച്ചെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക്ക് അറിയിച്ചു. ലോകത്തെ ഒരുമിപ്പിച്ച മേളയാണ് ടോക്യോ ഒളിമ്പിക്സ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 23നാണ് ടോക്യോയിൽ ഒളിമ്പിക്സ് മാമാങ്കം ആരംഭിച്ചത്. 2024ൽ പാരീസിലാണ് അടുത്ത ഒളിമ്പിക്സ് നടക്കുക.
ആദ്യ ദിനങ്ങളിലൊക്കെ മെഡൽ നിലയിൽ മുന്നിലായിരുന്ന ചൈനയെ മറികടന്ന് അമേരിക്ക മുന്നിലെത്തിയതാണ് അവസാന ദിവസത്തെ ഏറ്റവും പുതിയ വാർത്ത. 39 സ്വർണമെഡലുകൾ ഉൾപ്പെടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. 38 സ്വർണമുൾപ്പെടെ 88 മെഡലുകൾ സ്വന്തമാക്കിയ ചൈന മെഡൽ പട്ടികയിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ് മെഡലുകളോടെ ഇന്ത്യ 48ാം സ്ഥാനത്തെത്തി. ഒരു സ്വർണമുൾപ്പെടെ നേടിയാണ് ഇന്ത്യ ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിലും ചരിത്രം കുറിച്ചത്.