പറശ്ശിനിക്കടവിലെ വാട്ടർടാക്സി കിടപ്പിലായിട്ട് ആറുമാസം

0

പറശ്ശിനിക്കടവ്: കൊട്ടിഗ്‌ഘോഷിച്ച് മലബാറിലെ നദീതട വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് പറശ്ശിനിക്കടവിൽ തുടങ്ങിയ വാട്ടർടാക്സി കട്ടപ്പുറത്തായിട്ട് ആറുമാസം കഴിഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മൂന്നുമാസം മാത്രം സർവീസ് നടത്തിയെങ്കിലും ജലഗതാഗത വകുപ്പിന് നല്ല വരുമാനം നൽകുന്നതിനിടയിലാണ് യന്ത്രത്തകരാർ മൂലം ടാക്സി സർവീസ് നിലച്ചത്. സംസ്ഥാനത്ത് ജലഗതാഗതവകുപ്പിന്റെ കീഴിൽ ആലപ്പുഴയിൽ മാത്രമാണ് ആദ്യം വാട്ടർടാക്സി സർവീസ് തുടങ്ങിയത്. രണ്ടാമത്തെ വാട്ടർടാക്സിയാണ് ഏറെ പ്രതീക്ഷയോടെ പറശ്ശിനിക്കടവിലിറക്കിയത്.

ജനുവരി നാലിന് അന്നത്തെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ജനുവരി ഒൻപത് മുതലാണ് സർവീസ് തുടങ്ങിയത്. 1,62,400 രൂപയായിരുന്നു ആ മാസത്തെ വരുമാനം. മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്തും അല്ലാതെയും കോവിഡിന് അയവുവന്ന ജനുവരി മുതൽ മാർച്ച്‌ വരെ പറശ്ശിനിക്കടവിലെത്തിയ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് വാട്ടർ ടാക്സിയെ ആയിരുന്നു. എന്നാൽ ഏപ്രിൽ ഏഴിന് യന്ത്രത്തകരാർ ആയതോടെ ജെട്ടിയിൽ കിടപ്പിലായി.

ആറുമാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ ഒരു നടപടിയും ജലഗതാഗതവകുപ്പ് അധികൃരുടെ ഭാഗത്ത് നിന്നുണ്ടായില്ല. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിക്കാരോട് തകരാർ പരിഹരിക്കാൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് ഉന്നതങ്ങളിൽനിന്ന്‌ ലഭിക്കുന്ന വിവരം.

ആധുനിക സുരക്ഷാസംവിധാനമുള്ള കാറ്റാ മറൈൻ ബോട്ടാണിത്. ഫൈബറിൽ നിർമിച്ച ബോട്ടിൽ ഒരേസമയം 10 പേർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 35 കിലോമീറ്ററാണ്‌ ഇതിന്റെ വേഗം.

1500 രൂപയ്ക്ക് ഒരുമണിക്കൂർ സമയം 10 പേർക്ക് വളപട്ടണം പുഴയുടെ തുരുത്തുകളും തീരങ്ങളും കണ്ട് പ്രകൃതിഭംഗി ആസ്വദിക്കാനാകും.

അരമണിക്കൂറിന്‌ 750 രൂപ നിരക്കിലും സർവീസുണ്ടായിരുന്നു. 15 മിനുട്ട് സമയത്തേക്ക് ഒരാളിൽനിന്നും 40 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കിയിരുന്നത്.

Post a Comment

0Comments
Post a Comment (0)
To Top