ശ്രീകണ്ഠപുരം നിടിയേങ്ങയിലെ സ്വദേശിനി അടക്കം പല സ്ത്രീകളെ വലയിലാക്കി പണം തട്ടുന്നയാൾ അറസ്റ്റിൽ
ശ്രീകണ്ഠപുരം: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തയാൾ 12 വർഷത്തിന് ശേഷം അറസ്റ്റിൽ. ഇരിട്ടി കീഴൂരിലെ പടിപ്പുരയ്ക്കല്‍ ജയപ്രസാദിനെയാണ് (59) ശ്രീകണ്ഠപുരം പ്രിൻസിപ്പൽ എസ്ഐ സുബീഷ് മോനും എഎസ്ഐ എ പ്രേമരാജനും ചേര്‍ന്ന് തിരുവനന്തപുരം തമ്പാന്നൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. പ്രതി 12 വർഷത്തിനുശേഷമാണ് പിടിയിലായത്. 2009ല്‍ നിടിയേങ്ങ സ്വദേശിനിയായ അമ്പത്തഞ്ചുകാരിയുടെ ഭൂമിയുടെ ആധാരം കൈക്കലാക്കി കെഎസ്എഫ്ഇയിൽ പണയപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കുന്നത്.
നിടിയേങ്ങയിലെ സ്ത്രീയോടും വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാരം കൈക്കലാക്കുകയായിരുന്നു. വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് ആധാരം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ ഫോണ്‍ എടുക്കാതായി. വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ആധാരം തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് 2015 ജൂണ്‍ നാലിനാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തത് അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഹോട്ടല്‍ ജോലിക്കാരനായ ഇയാള്‍ ശ്രീകണ്ഠപുരത്തുനിന്ന് മുങ്ങിയശേഷം, തൃശൂര്‍, എറണാകുളം, മൂവാറ്റുപുഴ, ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു. തമ്പാന്നൂരില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്തുകൊടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ജയപ്രസാദ് പിടിയിലായത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇയാള്‍ സ്ത്രീകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് സൂചനയുള്ളതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്ഠപുരം ചേപ്പറമ്പില്‍ ഒരു സ്ത്രീയെയും സമാനമായ തട്ടിപ്പിനിരയാക്കിയതായി വിവരമുണ്ട്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.