പ്രശസ്ത കവി എസ് രമേശൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത കവി എസ്. രമേശന്‍ (69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് എസ് രമേശന്‍. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യപത്രാധിപരായിരുന്നു. 1996 മുതല്‍ 2001 വരെ സാംസ്‌കാരിക മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകള്‍, എസ്.രമേശന്റെ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. 1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ് ജനനം. പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്റ്് ജോസഫ് എല്‍പി സ്‌കൂള്‍, വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ പ്രീഡിഗ്രീ വിദ്യാഭ്യാസം.