No title

0

പാലക്കാട്ട് ആൾത്താമസമില്ലാത്ത വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ



പാലക്കാട്: അകത്തേത്തറ പഞ്ചായത്ത് പരിധിയിലെ ഉമ്മിനിയിൽ ആൾത്താമസമില്ലാതെ അടഞ്ഞുകിടന്ന വീട്ടിൽ രണ്ടു പുള്ളിപ്പുലി കുഞ്ഞുങ്ങളെ കണ്ടെത്തി. ജനിച്ച് അധിക ദിവസമാകാത്ത കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി സമീപത്തെ മൃഗാശുപത്രിയിലേക്ക് മാറ്റി.

15 വർഷമായി ആൾത്താമസമില്ലാത്ത വീട്ടിലാണ് പുലിയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. ഗുജറാത്തിൽ സ്ഥിര താമസമാക്കിയ മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രദേശവാസിയായ പൊന്നൻ എന്നയാളെ വീട് നോക്കാൻ ഏൽപ്പിച്ചിരുന്നു. രാവിലെ പൊന്നൻ എത്തിയപ്പോൾ വീടിനുള്ളിൽ ശബ്ദം കേട്ടു. നായയാണെന്ന് കരുതി ജനലിൽ തട്ടിയതോടെ തള്ളപ്പുലി ഇറങ്ങിയോടിയെന്ന് പൊന്നൻ പറഞ്ഞു.

പിന്നീട് നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും തള്ളപ്പുലിയെ കണ്ടെത്താനായില്ല.

കുഞ്ഞുങ്ങൾ ഉള്ളതിനാൽ പുലി വീണ്ടും എത്തുമെന്നാണ് കരുതുന്നത്. അതിനാൽ രാത്രി കൂടൊരുക്കി പുലിയെ പിടിക്കാമെന്ന ധാരണയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

Post a Comment

0Comments
Post a Comment (0)
To Top