പയ്യാവൂര്‍:- സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്തിലേക്ക് ചെങ്ങളായി ഗ്രാമപഞ്ചായത്തും. കോഴിക്കടകളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളുടെ ശേഖരണത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി.അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനായി നിലവില്‍ ഹരിത കര്‍മസേന പഞ്ചായത്തില്‍ സജീവമാണ്. കോഴിമാലിന്യ നിര്‍മാര്‍ജനത്തിനായി മട്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന വിരാട് റെന്‍ഡറിംഗ് ടെക്നോളജീസ് എന്ന സ്ഥാപനവുമായാണ് ഗ്രാമപഞ്ചായത്ത് കരാറില്‍ എത്തിയത്.
പ്രസ്തുത ഏജന്‍സി ഗ്രാമപഞ്ചായത്തിലെ കോഴിക്കടകളില്‍ നിന്നും കോഴി മാലിന്യങ്ങള്‍ ശേഖരിക്കും. ശേഖരിക്കുന്ന കോഴി മാലിന്യത്തിന് കിലോയ്ക്ക് 7 രൂപ നിരക്കില്‍ കടയുടമ ഏജന്‍സിക്ക് നല്‍കണം. ഏജന്‍സി മുഖേനയല്ലാതെ, മറ്റൊരു വിധത്തിലും കോഴിക്കടകളില്‍ നിന്നുമുള്ള കോഴി ഇറച്ചിമാലിന്യം കടയുടമകള്‍ കൈമാറാന്‍ പാടില്ല. പാതയോരങ്ങളിലും ജലസ്രോതസുകളിലും കോഴി മാലിന്യം കൊണ്ടു തള്ളുന്ന അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനന് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ചിക്കന്‍ സ്റ്റാള്‍ ഉടമകള്‍, വ്യാപാരി -വ്യവസായി സംഘടന ഭാരവാഹികളും എന്നിവരും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ശോഭന, ഡിപിസി അംഗം കെ.വി.ഗോവിന്ദന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ. ജനാര്ദ്ദനന്, എം.എം. പ്രജോഷ്, പി.വി രജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ്, എസ്. സ്മിത,പി പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കോഴി വേസ്റ്റ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വിരാട് റെന്‍ഡറിംഗ് ടെക്നോളജീസ് ചെയര്മാന് എന്‍.കെ. ചന്ദ്രന് വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകള്ക്കെതിരേനിയമാനുസൃതമായ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.