ഇത്തവണത്തെ തിരുവോണം ബമ്പർ അടിച്ചത് മരട് സ്വദേശിക്ക്. കൊച്ചി മരട് സ്വദേശി ജയപാലനാണ് സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിൽ സമർപ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലൻ.
പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പർ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രംഗത്തെത്തിയിരുന്നു. ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കൾ ഉടൻ ലോട്ടറി ഏജൻസിയിൽ എത്തുമെന്ന് സെയ്തലവി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശ വാദം തള്ളിക്കൊണ്ടാണ് ജയപാലന്റെ കടന്നുവരവ്.
കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പിൽ നിന്ന് വിൽപന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.