ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഹോണുകള്‍ ഇനി മുതല്‍ തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദത്തിലേക്ക്. ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ വാഹനങ്ങളുടെ ഹോണുകളില്‍ സംഗീതോപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങളില്‍നിന്നും തബലയും ഓടക്കുഴലുമടക്കമുള്ള ഉപകരണങ്ങളുടെ ശബ്ദമുള്ള ഹോണുകളാവുമുണ്ടാവുക.
ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദമുള്ള ഹോണുകള്‍ ഘടിപ്പിക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കുന്ന പുതിയ ചട്ടം തയ്യാറായിവരികയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ''നാഗ്പൂരിലെ 11ാം നിലയിലാണ് എന്റെ ഫ്‌ളാറ്റ്. രാവിലെ ഒരുമണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യാറുണ്ട്. എന്നാല്‍, വാഹനങ്ങളുടെ ഹോണ്‍ രാവിലെയുള്ള നിശബ്ദത ഭേദിക്കുന്നു. ഇതോടെ വാഹനങ്ങളുടെ ഹോണുകള്‍ എങ്ങനെ ശരിയായ രീതിയില്‍ പരിഷ്‌കരിക്കാമെന്ന ചിന്തയിലേക്ക് എന്നെ നയിച്ചത്.
തബല, താളവാദ്യം, വയലിന്‍, പുല്ലാങ്കുഴല്‍, നാദസ്വരം തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളില്‍നിന്ന് കേള്‍ക്കണമെന്നാണ് ആഗ്രഹം''- ഗഡ്കരി പറഞ്ഞു. രാജ്യത്തെ വാഹനങ്ങളിലെ ഹോണുകളുടെ പരാമാവധി ശബ്ദം 112 ഡെസിബലാണ്. എന്നാല്‍, ഈ ചട്ടം പല വാഹനങ്ങളും പാലിക്കുന്നില്ല. ഈ നിയമങ്ങളില്‍ ചിലത് ഓട്ടോ നിര്‍മാതാക്കള്‍ക്ക് ബാധകമാണ്. അതിനാല്‍, വാഹനം നിര്‍മിക്കുമ്പോള്‍ അതിന് ശരിയായ തരം ഹോണുണ്ടായിരിക്കും. കേരളത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ സൗണ്ട് മീറ്ററുകള്‍ ഉപയോഗിച്ച് ഹോണ്‍ ശബ്ദം അളക്കാറുണ്ട്.
അനുവദനീയമായ തോതിലും അധികമാണ് ഹോണ്‍ ശബ്ദമെങ്കില്‍ പിഴ ഈടാക്കാറുണ്ട്. ഈ രീതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പില്‍വരുത്തണം. ഹോണുകളുടെ ശബ്ദത്തില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം പലയിടങ്ങളും നോ ഹോണ്‍ സോണുകളായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ വാഹനങ്ങള്‍ സ്‌ക്രാപ് ചെയ്യുന്നതിനുള്ള പദ്ധതി, ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്ക് ശേഷമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ പരിഷ്‌കാരം കൊണ്ടുവരാനൊരുങ്ങുന്നത്.