No title

0

മഴുവുമായെത്തി സൂപ്പർ മാർക്കറ്റ് അടിച്ചു തകർത്ത് തടയാൻ എത്തിയവരെ ആക്രമിച്ച് രണ്ട് ചോക്ലേറ്റുമായി ഇറങ്ങിപ്പോയത് സിനിമാ സ്റ്റൈലിൽ



തലശേരി: പാനൂരിനടുത്ത പെരിങ്ങത്തൂർ ടൗണിൽ മഴുവുമായി യുവാവ് നടത്തിയ പരാക്രമത്തിൽ നാടു വിറച്ചു. പെരിങ്ങത്തൂർ ടൗണിലെ സൂപ്പർമാർക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും യുവാവ് മഴു കൊണ്ട് അടിച്ചുതകർത്തു. ഗുരുജി മുക്ക് സ്വദേശി ജമാലാണ് ഞായറാഴ്‌ച്ച രാത്രി എട്ടേമുക്കാലിന് ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 8.45-ഓടെയാണ് ജമാൽ മഴുവുമായി ടൗണിലെ സഫാരി സൂപ്പർമാർക്കറ്റിലെത്തിയത്. സ്ഥാപനം അടയ്ക്കാനുള്ള സമയമായതിനാൽ പ്രധാന ഷട്ടർ മാത്രമേ തുറന്നിരുന്നുള്ളൂ. ഈ സമയം അക്രമാസക്തനായി എത്തിയ യുവാവ് കൗണ്ടറിലെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു.

ഇതോടെ അവിടെ ഉണ്ടായിരുന്നവർ ആക്രമണം ഭയന്ന് ഓടിരക്ഷപ്പെട്ടു. പിന്നാലെ സൂപ്പർമാർക്കറ്റിനകത്ത് കയറിയ യുവാവ് ഷെൽഫിലുണ്ടായിരുന്ന സാധനങ്ങളും തകർത്തു. ശേഷം ഫ്രിഡ്ജിന്റെ ചില്ലുകൾ അടിച്ചു തകർത്ത ശേഷം ഇതിലുണ്ടായിരുന്ന ചോക്ലേറ്റുകളിൽ രണ്ടെണ്ണം കൈയിലെടുത്ത് പുറത്തേക്കിറങ്ങിപ്പോകുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇയാൾ മഴു വീശി ഭീഷണിപ്പെടുത്തി. ഇയാളെ പിടിച്ചു വെയ്ക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഇവർക്ക് മഴു വീശുന്നതിനിടെ നിസാര പോറലേറ്റു. സൂപ്പർമാർക്കറ്റിലെ അക്രമം കഴിഞ്ഞ് നിമിഷങ്ങൾക്കകം ജമാലിന്റെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പെരിങ്ങത്തൂർ ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. ഇതിനുപിന്നാലെ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.

സംഭവസമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ സൂപ്പർമാർക്കറ്റ് ഉടമയുടെ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.


Post a Comment

0Comments
Post a Comment (0)
To Top