സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ (covid relaxations) പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ (theater) തുറക്കുന്നതില്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. അമ്പത് ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. തിയേറ്ററിൽ എസി പ്രവര്‍ത്തിപ്പിക്കും. തിയേറ്ററുകളില്‍ പോകാന്‍ വാക്സീന്‍ നിര്‍ബന്ധം. വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സിനിമ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും
ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുക.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതി.
പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റ് സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. 50 പേരെ വരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ 1 മുതൽ ഗ്രാമസഭകൾ ചേരാനും അനുവദിക്കും.
സിഎഫ്എൽടിസി, സിഎസ്എൽടിസികളായി പ്രവർത്തിക്കുന്ന കോളേജുകൾ, കോളേജ് ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവ ഒഴിവാക്കണം. കൊവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ച് വിളിക്കുമ്പോൾ വളണ്ടിയർമാരെ പകരം കണ്ടെത്താവുന്നതാണ്. സ്കൂളുകൾ തുറക്കുമ്പോൾ ആശങ്കകൾ സ്വാഭാവികമാണ്. കുട്ടികൾക്ക് സാധാരണ വരുന്ന അസുഖങ്ങളും കൊവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാൽ ഡോക്ടർമാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണം.
സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ആന്‍റിജന്‍ കിറ്റുകൾ ലഭ്യമാക്കണം. കുട്ടികൾക്കിടയിൽ നടത്തിയ സിറോ പ്രിവലൻസ് സർവേ പൂർത്തിയായി. സ്കൂളുകൾ തുറക്കാനുള്ള മാർഗരേഖയും ഉടൻ പുറത്തിറക്കും. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിവുന്നു.