മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അന്തരിച്ചു

0


തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായർ (81) അന്തരിച്ചു. സംസ്ഥാന സർക്കാരിലെ നിരവധി സുപ്രധാന പദവികൾ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

ഭരണ പരിഷ്കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാർധക്യസഹജമായിരുന്ന രോഗങ്ങളാൽ ചികിത്സയിലായിരുന്നു. ഹാസ്യ സാഹിത്യകാരനായിരുന്ന എൻ.പി ചെല്ലപ്പൻനായരുടെ മകനാണ്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം.

എല്ലാ കാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതു വഴി ശ്രദ്ധേയനായിരുന്നു സി.പി. നായർ. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവിൽ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷനിൽ അംഗമായിരുന്നു. കെ. കരുണാകരൻ, ഇ.കെ. നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികൾ വഹിച്ചു.

ദേവസ്വം കമ്മീഷണർ എന്ന നിലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള നടപടികളും ശ്രദ്ധേയമായി.

മാവേലിക്കര ബിഷപ്പ് ഹോഡ് ജസ് ഹൈസ്കൂൾ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, യൂണിവേഴസിറ്റി കോളേജ് എന്നി വിടങ്ങളിൽ പഠനം പൂർത്തിയാക്കി. 1959-ൽ കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ.ബിരുദം ഒന്നാം റാങ്കോടെ പാസായി. കോഴഞ്ചേരി സെന്റ്തോമസ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തിരൂവനന്തപുരം ആർട്സ് കോളേജ് എന്നിവിടങ്ങളിൽ മൂന്നുവർഷം അധ്യാപകനായിരുന്നു. 1962-ൽ ഐ.എ.എസ്സിൽ പ്രവേശിച്ചു.

ഒറ്റപ്പാലം സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തിരുവനന്തപൂരം ജില്ലാകലക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ, കൊച്ചി തൃറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, നികൃതി- തൊഴിൽ- ആഭ്യന്തര വകുപ്പ് സെക്രട്ടറി, റവന്യു ബോർഡ് നികുതി വിഭാഗത്തിന്റെ ചുമതലയോടെ ഒന്നാം മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1982 മുതൽ 87 വരെ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരൂന്നപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു.

അറിയപ്പെടുന്ന ഹാസ്യസാഹിത്യകാരനാണ്. എട്ടിലധികം നർമ്മലേഖന സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇരുകാലി മൂട്ടകൾ എന്ന കൃതിക്ക് 1994-ലെ മികച്ച ഹാസ്യസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സരസ്വതിയാണ് ഭാര്യ. ഗായത്രി, ഹരിശങ്കർ എന്നിവർ മക്കളാണ്.

Post a Comment

0Comments
Post a Comment (0)
To Top