ബ്രാഞ്ച് സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തികരിച്ച് സിപിഐ(എം) ലോക്കല്‍ സമ്മേളനത്തിലേക്ക്

0


കണ്ണൂര്‍ 23ാം പാര്‍ടി കോണ്‍ഗ്രസിന്‍റെ മുന്നോടിയായുള്ള  ജില്ലയിലെ സിപിഐ(എം) ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ശനിയാഴ്ച  തുടക്കം.  225 ലോക്കലുകളാണ് ജില്ലയിലുള്ളത്.    18 ഏരിയ സമ്മേളനങ്ങള്‍ നവംബറില്‍ നടക്കും. ഡിസംബര്‍ 10,11,12 തീയതികളില്‍ മാടായി എരിപുരത്താണ് ജില്ലാസമ്മേളനം.
വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലത്ത് സമാനതകളില്ലാത്ത സംഘടനാ സംവിധാനത്തിന്‍റെ നേര്‍ചിത്രമായി അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളുടെ സമ്മേളനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. 3838 ബ്രാഞ്ചുകളില്‍ സമ്മേളനം നടക്കാന്‍ ബാക്കിയുള്ളത്  78 ഇടങ്ങളില്‍ മാത്രം. കോവിഡ് കാരണമാണ്  സെപ്തംബര്‍ മുപ്പതിനകം തീരേണ്ട  സമ്മേളനങ്ങള്‍ മാറ്റിയത്. ആറ് ഏരിയകളില്‍   ബ്രാഞ്ച് സമ്മേളനങ്ങള്‍  പൂര്‍ത്തിയായി.
61,668 അംഗങ്ങള്‍ പങ്കെടുത്ത  ബൃഹത്തായ  ഉള്‍പാര്‍ടി ചര്‍ച്ചകളാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. ഓരോ ബ്രാഞ്ചിലും കഴിഞ്ഞ സമ്മേളന കാലയളവില്‍ നടന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഇഴകീറിയ പരിശോധന. സാര്‍വദേശീയ-ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള ഗഹനമായ വിലയിരുത്തലുകളും ചര്‍ച്ചയും മറുപടികളും. അടിസ്ഥാന ഘടകത്തെ നയിക്കുന്നതിനുള്ള  സെക്രട്ടറിയെയും ലോക്കല്‍ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കല്‍ എന്നിവയാണ് പൂര്‍ത്തിയായത്.
ശുചീകരണം, ജീവകാരുണ്യം, വികസനം  തുടങ്ങിയ പ്രവര്‍ത്തനത്തിലൂടെ   ഓരോ സമ്മേളനവും നാടിന്‍റെ പരിഛേദമായി. ബ്രാഞ്ച് സമ്മേളനങ്ങളില്‍ അംഗങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നതെങ്കിലും കുടുംബയോഗങ്ങളും  പ്രഭാഷണങ്ങളും വെബിനാറുകളും  ടേബിള്‍ടോക്കും കലാ-സാഹിത്യ മത്സരങ്ങളുമടക്കമുള്ള അനുബന്ധ പരിപാടികളില്‍ ഓരോ ബ്രാഞ്ചിലും പാര്‍ടി ബന്ധുക്കളും അനുഭാവികളും  ഉള്‍പ്പെടെ നൂറിലധികം ബഹുജനങ്ങള്‍ പങ്കാളികളായി.  ജില്ലയിലാകെയായുള്ള പങ്കാളിത്തം നാല് ലക്ഷത്തിലധികമാണ്.
100 വീടുകള്‍ക്ക് ഒന്നെന്ന നിലയില്‍ ബ്രാഞ്ചുകളുടെ എണ്ണവും കൂടി.   22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമ്പോള്‍ 3685 ബ്രാഞ്ചുകളും 218 ലോക്കലുകളുമാണ് ജില്ലയിലുണ്ടായിരുന്നത്.  നാല് വര്‍ഷത്തിനിടയില്‍ 319 ബ്രാഞ്ചുകളും ഏഴ്  ലോക്കലുകളും  വര്‍ധിച്ചു. മുന്നൂറിനും നാനൂറിനുമിടയിലുള്ള വീടുകള്‍ക്ക് ഒരു ബ്രാഞ്ചായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.

139 ബ്രാഞ്ചുകള്‍ വനിതകള്‍ നയിക്കും


3760  സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 139 ബ്രഞ്ചുകളുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് വനിതകളെ. പാനൂര്‍ 15, പെരിങ്ങോം -15,  ശ്രീകണ്ഠപുരം-14, ഇരിട്ടി-12, പേരാവൂര്‍-10 എന്നീ ഏരിയകളിലാണ് കൂടുതല്‍  വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുള്ളത്. മൂന്ന് ദമ്പതികളും ബ്രാഞ്ച് സെക്രട്ടറിമാരായിട്ടുണ്ട്.  ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ എണ്ണവും മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയര്‍ന്നു.

ആറളം ഫാമിലും വനിതാ ബ്രാഞ്ച് സെക്രട്ടറിമാര്‍
ഇരിട്ടി ഏരിയയിലെ ആറളം ഫാം ലോക്കലില്‍ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍.  ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ  വെറ്റിലച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയായി ത്രേസ്യാമ്മ ബാബു(47)വും  കൈതത്തോട് സെക്രട്ടറിയായി കെ ആര്‍ സുമ(37)യുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ആറളം ഫാമില്‍ തൊഴിലാളികള്‍.


നാറാത്ത് വാർത്തകൾ വാട്സാപ്പ്

Post a Comment

0Comments
Post a Comment (0)
To Top