വിൽപ്പനയ്ക്കായി റോഡരികിലൂടെ നടത്തിച്ച് പോകുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ പ്ലാസ്റ്റിക് പൈപ്പിൽ താറാവിൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ വീണു. ഇതറിയാതെ വിൽപ്പനക്കാരൻ ബാക്കിയുള്ളതുമായി നടന്നുപോയി.
കുഴിയിൽ നിന്ന് താറാവിൻ കുഞ്ഞുങ്ങളുടെ കരച്ചിലിൽ കേട്ട വ്യാപാരികൾ രക്ഷകരായി. മയ്യിൽ- കണ്ടക്കൈ റോഡ് കവലയ്‌ക്ക് സമീപമാണ് സംഭവം. രണ്ടര മീറ്ററിലധികം താഴ്ചയും നാലിഞ്ച് വ്യാസവുമുള്ള വാട്ടർ അതോറിറ്റിയുടെ മൂടാതെയിട്ട പൈപ്പിലാണ് താറാവിൻ കുഞ്ഞുങ്ങൾ വീണത്.
തുടർന്ന് സമീപത്തെ അനുഷിമ ഫർണിച്ചർ കടയുടമയും വ്യാപാരി വ്യവസായി സമിതിയുടെ പ്രസിഡന്റുമായ എസ്. രാജേഷിന്റെ നേതൃത്വത്തിൽ ഏഴ് കുഞ്ഞുങ്ങളെയും ഏറെ പ്രയാസപ്പെട്ട് പുറത്തെത്തിച്ചു.
പത്താംമൈലിലെ എൽ.ഐ.സി. ഏജന്റ് സി.ബാബു, സി.പ്രദീപൻ, ഡോൾഫിൻ കാദർ, മൂലക്കരി രാജീവൻ, വി.കെ.ബാലകൃഷ്ണൻ എന്നിവരും രാജേഷിനൊപ്പം ചേർന്നു.
അശാസ്ത്രീയമായി റോഡിരികിൽ സ്ഥാപിച്ച പൈപ്പ് നേരത്തേയും അപകടമുണ്ടാക്കിയതായും ഉടൻ നീക്കം ചെയ്യണമെന്നും നാട്ടുകാർ പറഞ്ഞു.